ബീജിങ്: ചൈനയിൽ കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. ഒരാഴ്ചയ്ക്കകം ചൈനയിൽ കോവിഡ് വ്യാപനം മൂർധന്യാവസ്ഥയിലെത്തുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
‘ഒരാഴ്ചയ്ക്കുള്ളിൽ വൈറസ് വ്യാപനം ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് നാഷണൽ സെന്റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടർ ഷാങ് വെൻഹോംഗ് വ്യക്തമാക്കിയതായി ഷാങ്ഹായ് സർക്കാർ പിന്തുണയുള്ള വാർത്താ മാധ്യമം ദി പേപ്പർ റിപ്പോർട്ട് ചെയ്തു.
രോഗവ്യാപനം മൂർധന്യത്തിലെത്തുന്നതോടെ, രോഗം ഗുരുതരമാകുന്നതിന്റെ തോതും വർധിക്കും. ഇത് ആരോഗ്യസംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കും. പുതിയ തരംഗം ഒന്നോ രണ്ടോ മാസം നീണ്ടുനിൽക്കുമെന്നും ഷാങ് വെൻഹോംഗ് പറഞ്ഞു.
കഴിഞ്ഞദിവസം 4000 ഓളം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് ചൈനീസ് അധികൃതർ പറയുന്നത്. തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പറയുന്നു. കോവിഡ് മരണങ്ങൾക്കുള്ള മാനദണ്ഡങ്ങൾ സർക്കാർ ചുരുക്കിയിരുന്നു.ഇതിൽ ആരോഗ്യവിദഗ്ധർ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം ചൈനയിൽ ദിനംപ്രതി പത്ത് ലക്ഷത്തോളം പേർക്ക് കോവിഡ് ബാധിക്കുന്നുണ്ടെന്നും അയ്യായിരത്തോളം പേർ മരണപ്പെടുന്നുണ്ടെന്നും പുതിയ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.
നിലവിലുള്ള കോവിഡ് തരംഗം തുടർന്നാൽ ജനുവരിയോടെ പ്രതിദിന രോഗികളുടെ എണ്ണം 3.7 ദശലക്ഷത്തോളമാകുമെന്ന്, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷക സ്ഥാപനം എയർഫിനിറ്റി ലിമിറ്റഡ് വ്യക്തമാക്കുന്നു.