കൊളംബോ: ശ്രീലങ്ക-ഇന്ത്യ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. കൊളംബോയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുന്നത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ആദ്യ മത്സരം ആരംഭിക്കുക. ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ രണ്ടാം നിരയാണ് ശ്രീലങ്കയില്‍ എത്തിയിരിക്കുന്നത്. ആകെ 20 താരങ്ങളില്‍ 10 പേരും പുതുമുഖങ്ങളാണ്.
വിരാട് കോലിയും രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുമ്രയും അടങ്ങുന്ന ഇന്ത്യന്‍ സീനിയര്‍ ടീം ഇംഗ്ലണ്ടിലായതോടെയാണ് ശിഖര്‍ ധവാന്‍ നയിക്കുന്ന യുവനിരക്ക് ശ്രീലങ്കയിലേക്ക് നറുക്കുവീണത്. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേശീയ ടീം ക്യാപ്റ്റന്‍ എന്ന ചുമതല ആദ്യമായാണ് ഓപ്പണര്‍ ശിഖര്‍ ധവാനു ലഭിക്കുന്നത്. പുതുമുഖം ദേവ്ദത്തിനു പകരം പൃഥ്വി ഷാ ധവാനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും.
വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം ഇഷാന്‍ കിഷനും പരിഗണനയിലുണ്ട്. സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും ഉറപ്പായും ടീമിലുണ്ടാകുമെന്ന് കരുതാം. മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിച്ചേക്കും. എന്നാല്‍ പ്ലെയിംഗ് ഇലവനെക്കുറിച്ച് കൂടുതല്‍ സൂചന നല്‍കാന്‍ നായകന്‍ ശിഖര്‍ ധവാന്‍ തയ്യാറായില്ല.
ഈ മാസം 13നാണ് മത്സരങ്ങള്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരികെ എത്തിയ ശ്രീലങ്കന്‍ സ്‌ക്വാഡില്‍ കൊവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് പര്യടനം മാറ്റിവെക്കുകയായിരുന്നു. 20,23 തീയതികളില്‍ ഏകദിന പരമ്പരയിലെ അടുത്ത മത്സരങ്ങളും നടക്കും. ടി20 പരമ്പര ജൂലൈ 25ന് ആരംഭിക്കും.