ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടു. ശ്രീലങ്കന്‍ കായിക മന്ത്രാലയമാണ് ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടത്. പുതിയ അംഗങ്ങളെ തീരുമാനിക്കുന്നതുവരെ പുതിയ ഇടക്കാല കമ്മറ്റിക്ക് ചുമതല നല്‍കി. ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിനു മുന്നോടിയായാണ് നടപടി.
ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗെയാണ് ഇടക്കാല കമ്മറ്റിയുടെ ചെയര്‍മാന്‍. ഏഴംഗ സമിതിയില്‍ സുപ്രിം കോടതി മുന്‍ ജഡ്ജിയും ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റും ഉള്‍പ്പെട്ടിട്ടുണ്ട്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 357 റണ്‍സെടുത്തത്.
ഇന്ത്യയുയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യത്തെ മറികടക്കാനിറങ്ങിയ ശ്രീലങ്ക ഇന്ത്യന്‍ ബൗളേഴ്സിന്റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 55 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് 302 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് നേടാനായത്.ലോകകപ്പില്‍ പൊതുവെ മോശം പ്രകടനമായിരുന്നെങ്കിലും ഇന്ത്യക്കെതിരായ ദയനീയ പ്രകടനമാണ് ബോര്‍ഡ് പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഇന്ത്യക്കെതിരെ 55 റണ്‍സിന് തകര്‍ന്നടിഞ്ഞ ശ്രീലങ്ക ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് മത്സരങ്ങളിലേ വിജയിച്ചിട്ടുള്ളൂ. ഇതിനു പിന്നാലെ ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സില്‍വ രാജിവച്ചിരുന്നു.