തീവ്രവാദ ആക്രമണത്തിന്റെ ഓര്‍മകള്‍ മറന്ന് ശ്രീലങ്കന്‍ ടീം വീണ്ടും പാകിസ്താനില്‍

പല്ലേക്കലേ : 2009ല്‍ ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ നടന്ന വെടിവെയ്പിന്റെ ഓര്‍മകള്‍ മറന്ന് ഒടുവില്‍ ടീം വീണ്ടും പാകിസ്താനില്‍ കളിക്കാനെത്തുന്നു.

സെപ്തബറിൽ രണ്ടു ട്വന്റി-20 മത്സരങ്ങള്‍ കളിക്കാന്‍ വേണ്ടി ശ്രീലങ്കന്‍ ടീം പാകിസ്താനില്‍ എത്തും.

2009 മാര്‍ട്ടില്‍ ലാഹോറില്‍ തീവ്രവാദി ആക്രമണത്തിന് ഇരയായ ശേഷം ആദ്യമായിട്ടാണ് ലങ്കന്‍ ടീം പാകിസ്താനില്‍ കളിക്കാനെത്തുന്നത്.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ തിലങ്ക സുമതിപാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

താരങ്ങളുടെ സുരക്ഷാ ഉറപ്പുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇരുവിഭാഗവും ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും മത്സരം.

ആദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്ന സന്ദര്‍ശനവും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടും അനുസരിച്ചായിരിക്കും ടീമിനെ അയയ്ക്കുക. സംഗതി നടന്നാല്‍ എട്ടു വര്‍ഷത്തിന് ശേഷമായിരിക്കും ശ്രീലങ്ക പാക് മണ്ണില്‍ കളിക്കാന്‍ എത്തുക.

2009 ല്‍ ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ മൂന്നാം ദിനം കളിക്കാന്‍ പോകുമ്പോള്‍ ടീം സഞ്ചരിച്ച ബസിന് നേരെ 12 അംഗ തീവ്രവാദികള്‍ വെടിവെയ്ക്കുകയായിരുന്നു.

സംഭവത്തില്‍ ആറ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പരിക്കേറ്റു. ആറ് പാക് പോലീസുകാരും രണ്ടു നാട്ടുകാരും കൊല്ലപ്പെടുകയും ചെയ്തു. ലഷ്‌ക്കര്‍ ഇ ജാഗ്‌വി എന്ന തീവ്രവാദി സംഘടനയാണ് ആക്രമിച്ചത്.

2016 ഓഗസ്റ്റില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ പോലീസ് ലാഹോറില്‍ നടത്തിയ റെയ്ഡില്‍ കൊലപ്പെടുത്തിയിരുന്നു.

ശ്രീലങ്കന്‍ ടീം ആക്രമിക്കപ്പെട്ട ശേഷം ഒരു ക്രിക്കറ്റ് ടീമും പാകിസ്താനിലേക്ക് കളിക്കാന്‍ എത്തിയിട്ടില്ല. പാകിസ്താനിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ എത്തില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു.

Top