ഡല്‍ഹി: കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സമരവുമായി കര്‍ണാടക സര്‍ക്കാര്‍. ബുധനാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ സംസ്ഥാനം കടുത്ത അവഗണന നേരിടുന്നെന്നാണ് ആരോപണം.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഡല്‍ഹി സമരത്തിന്റെ ഭാഗമാകും. കേന്ദ്ര അവഗണനയ്ക്കെതിരെ എല്‍ഡിഎഫിന്റെ പ്രതിഷേധം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് കര്‍ണാടക സര്‍ക്കാരും സമരവുമായി രംഗത്തെത്തുന്നത്.
രാജ്യത്തിന്റെ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതി സംഭാവന നല്‍കുന്ന രാജ്യത്തെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്തിന് ന്യായമായ വിഹിതം ലഭിക്കുന്നില്ല. കര്‍ണാടകയില്‍ നിന്നുള്ള 28 എംപിമാരില്‍ 27 പേരും ബിജെപിയില്‍ നിന്നുള്ളവരാണെങ്കിലും അവര്‍ക്ക് സംസ്ഥാനത്തിന് നീതി ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന് ഏകദേശം 62,000 കോടി രൂപയുടെ വരുമാനമാണ് ഇതുമൂലം നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.