ടോമിന്‍ തച്ചങ്കരിയെ കെ.ബി.പി.എസ് എം.ഡി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

tomin thachankery

തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ ജര്‍മനയിലെ കമ്പനിയില്‍ നിന്ന് വില കൂടിയ അച്ചടി യന്ത്രം വാങ്ങാന്‍ ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് ടോമിന്‍ തച്ചങ്കരിയെ കേരളാ ബുക്സ് ആന്‍ഡ് പബ്ളിഷിംഗ് സൊസൈറ്റി (കെ.ബി.പി.എസ്) യുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കി.

അഗ്നിശമന സേനാ തലവന്‍ കൂടിയായ തച്ചങ്കരി കെ.ബി.പി.എസിന്റെ അധികച്ചുമതലയാണ് വഹിച്ചിരുന്നത്. തച്ചങ്കരിക്ക് പകരം 2011-ലെ ഐ.പി.എസ് ഓഫീസറായ കെ.കാര്‍ത്തിക്കിനെ തല്‍സ്ഥാനത്ത് നിയമിക്കുകയും ചെയ്തു.

അന്താരാഷ്ട്ര എക്സ്പോയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ പോയപ്പോഴാണ് തച്ചങ്കരി കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണം നടത്തി. തച്ചങ്കരിക്കെതിരായ ആരോപണത്തില്‍ കഴന്പുണ്ടെന്നാണ് പ്രിന്റിംഗ് ആന്‍ഡ് സ്റ്റേഷനറി വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെ.ബി.പി.എസ് സന്ദര്‍ശിക്കുകയും ജര്‍മന്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയല്‍ കണ്ടെടുക്കുകയും ചെയ്തു. മാത്രമല്ല, കെ.ബി.പി.എസിലെ വിവിധ സംഘടനകളും തച്ചങ്കരിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസ് അടക്കം നിരവധി അന്വേഷണങ്ങള്‍ നേരിടുന്ന തച്ചങ്കരിയ്ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ സെപ്തംബറില്‍ ഡി.ജി.പി റാങ്ക് നല്‍കിയിരുന്നു.

അതേസമയം കെ.ബി.പി.എസ് എം.ഡി സ്ഥാനത്ത് നിന്ന് തന്നെ സര്‍ക്കാര്‍ നീക്കിയിട്ടില്ലെന്നും സ്വയം ഒഴിയുകയായിരുന്നുവെന്നുമാണ് തച്ചങ്കരിയുടെ പ്രതികരണം.

അഞ്ചര വര്‍ഷമായി താന്‍ എം.ഡിയായി തുടരുകയാണ്. പാഠപുസ്തകങ്ങളുടെ മൂന്നാം വാല്യം അച്ചടിച്ച് തീര്‍ന്നതിനെ തുടര്‍ന്ന് അധികച്ചുമതലയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് താന്‍ തന്നെയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും തച്ചങ്കരി പറയുന്നു.

Top