ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാരിന്റെ ക്യാഷ് അവാര്‍ഡ്

pinarayi

തിരുവനന്തപുരം: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയ എല്ലാ താരങ്ങള്‍ക്കും പാരിതോഷികമായി കാഷ് അവാര്‍ഡ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്ക് പത്ത് ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് ഏഴ് ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കും.

ടീമിനത്തില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് 3.5 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 2.5 ലക്ഷം രൂപയും അനുവദിക്കാന്‍ തീരുമാനിച്ചു.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ തീര്‍ക്കും. കോഴിക്കോട് ജില്ലയില്‍ ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കാവില്‍പുരയിടത്തില്‍ ജോയ് എന്ന കെജെ തോമസിന്റെ ബാങ്ക് വായ്പകള്‍ തീര്‍ക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിക്കാന്‍ തീരുമാനിച്ചു.

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്ത് അധ്യാപകരുടെ തസ്തികകള്‍ സൃഷ്ടിക്കും.

കൊയിലാണ്ടി എസ്എആര്‍ബിറ്റിഎം സര്‍ക്കാര്‍ കോളേജില്‍ ഫിസിക്‌സ് ലാബില്‍ മൂന്ന് അറ്റന്‍ഡര്‍ തസ്തികകള്‍ സൃഷ്ടിക്കും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുളള സംസ്ഥാന കമ്മീഷനില്‍ മുപ്പത് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള ആരോഗ്യ സര്‍വ്വകലാശാലയില്‍ അധ്യാപക വിഭാഗത്തില്‍ പതിനേഴ് തസ്തികകളും അനധ്യാപക വിഭാഗത്തില്‍ 146 തസ്തികകളും സാങ്കേതിക വിഭാഗത്തില്‍ പന്ത്രണ്ട് തസ്തികകളും അനുവദിക്കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ശല്യതന്ത്ര, ശാലാക്യതന്ത്ര, രസശാസ്ത്ര & ഭൈഷജ്യകല്പന എന്നീ വകുപ്പുകളില്‍ പുതിയ പിജി കോഴ്‌സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കുവാനായി ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതിക്കുവേണ്ടി തൃശ്ശൂര്‍ ജില്ലയിലെ തലപ്പിളളി താലൂക്കില്‍ 1.35 ഹെക്റ്റര്‍ സ്ഥലവും വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 50 സെന്റ് സ്ഥലവും വിലയീടാക്കാതെ ബന്ധപ്പെട്ട മുന്‍സിപ്പാലിറ്റികല്‍ക്ക് കൈമാറാന്‍ തീരുമാനിച്ചു.

കേരള സാഹിത്യ അക്കാദമി, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍, കെടിട്ട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പിലാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമിതരായ എല്‍.ഡി. ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, പ്യൂണ്‍ കം പ്രൊസസ് സെര്‍വര്‍ എന്നിവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിതരായ 12 പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്കും ധനവകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് ശമ്പളപരിഷ്‌കരണം ലഭിക്കും.

ജി.എസ്.ടി നടപ്പിലാക്കിയ സാഹചര്യത്തില്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പിന്റെ പേര് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എന്നാക്കാന്‍ തീരുമാനിച്ചു.

2014ല്‍ നിയമസഭയുടെ അംഗീകാരത്തോടെ പിന്‍വലിച്ച മാരിടൈം ബോര്‍ഡ് ബില്ലിലെ ന്യൂനതകള്‍ പരിഹരിച്ച് ചെറുകിട തുറമുഖങ്ങളുടെ വികസനത്തിനും ഭരണനിര്‍വ്വഹണത്തിനുമായി ബില്‍ ഓര്‍ഡിനന്‍സായി ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രി സഭയില്‍ തീരുമാനമായി.

Top