തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്നത് 27.12 കോടി രൂപ. തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇതിന് പുറമെ സ്‌പോണ്‍സര്‍ഷിപ്പിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം-2023 പരിപാടി സംഘടിപ്പിക്കുന്നത്.
രൂക്ഷവിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് പരിപാടിക്ക് തുക അനുവദിച്ച് ധനവകുപ്പ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി സമര്‍പ്പിച്ച 27.12 കോടിയുടെ ബജറ്റിന് ധനവകുപ്പ് അംഗീകാരം നല്‍കി. നേരത്തെ പരിപാടി നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഈ വിഭാഗങ്ങള്‍ക്കെല്ലാം തുക അനുവദിച്ചാണ് ഉത്തരവ്.
കള്‍ച്ചറല്‍ കമ്മിറ്റി സംസ്‌കാരിക പരിപാടികള്‍ക്ക് ചെലവാക്കുന്നത് 3,14 കോടിയാണ്. ഫുഡ് ഫെസ്റ്റിവല്‍ കമ്മിറ്റിക്ക് 8.5 ലക്ഷവും, പ്രദര്‍ശനത്തിന് 9.39 കോടിയും, വൈദ്യുത അലങ്കാരത്തിന് 2.97 കോടിയും, പ്രചാരണത്തിന് 3.98 കോടിയും അടക്കം കണക്കുകളുടെ പട്ടിക ഉത്തരവിലുണ്ട്. ടൂറിസം വകുപ്പിന്റെ ഹെഡില്‍ നിന്ന് ഇതിനുള്ള തുക വകമാറ്റാനാണ് നിര്‍ദ്ദേശം. കൂടുതല്‍ പശ്ചാത്തല സൗകര്യങ്ങള്‍ ആവശ്യമെങ്കില്‍ വകുപ്പുകള്‍ക്ക് തുക അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
തലസ്ഥാന ജില്ലയില്‍ കേരള പിറവിദിനമായ നവംബര്‍ ഒന്ന് മുതല്‍ 7 വരെയാണ് പരിപാടി. രണ്ടാം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി, നികുത്തിപണം ധൂര്‍ത്തടിക്കാനുള്ള മാര്‍ഗമാണെന്നാണ് പ്രതിപക്ഷ ആരോപണം. കേരളം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴറുമ്പോഴുള്ള ധൂര്‍ത്തില്‍ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷം നിലപാട്.