തിരുവനന്തപുരം: ഒളിമ്പിക് മെഡല്‍ ജേതാവും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറുമായ പി ആര്‍ ശ്രീജേഷിന് കേരള സര്‍ക്കാരിന്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന മന്ത്രിസഭാ യോഗമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങളില്‍ വ്യവസ്ഥാപിത രീതിയിലേ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു കായിക മന്ത്രി വി അബ്ദു റഹുമാന്‍ പറഞ്ഞത്.
ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ അംഗീകാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു. മന്ത്രിസഭ ഇക്കാര്യം തീരുമാനിക്കും. ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെങ്കിലും ഒരു വകുപ്പിന് മാത്രം ഇക്കാര്യം തീരുമാനിക്കാനാകില്ലെന്നും വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മാതൃകാപരമായ പാരിതോഷികം നല്‍കണമെന്ന് ആവശ്യപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മന്ത്രിയുടെ മറുപടി.
അത്‌ലറ്റിക്‌സില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയും ക്ലാസ് വണ്‍ ജോലിയുമാണ് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഹോക്കി ടീമംഗങ്ങള്‍ക്ക് ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ ഒരു കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 49 വര്‍ഷത്തിന് ശേഷം ഒളിംപിക്‌സ് മെഡല്‍ നേടി കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.