ഒമൈക്രോണ്‍; കേരളത്തില്‍ ഭീതി വേണ്ട, എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ലോകത്ത് ഭീതി വിതയ്ക്കുന്ന കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണിനെതിരെ കേരളം വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് മുന്‍കരുതല്‍ നടപടികളെന്നും മന്ത്രി പറഞ്ഞു.

ഇതിനോടകം പല രാജ്യങ്ങളിലും പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ വേണം. എട്ടാം ദിവസം പരിശോധന നടത്തുകയും വേണമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ വൈറസ് വകഭേദം കണ്ടെത്തിയിട്ടില്ല. എങ്കിലും സ്വയം നിരീക്ഷണം ആവശ്യമാണ്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.

നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോവിഡ് അവലോകന യോഗം ചേരും. നിലവിലെ സാഹചര്യം വിലയിരുത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top