ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച രാത്രിയില്‍ ഡല്‍ഹിയിലെത്തി.
സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ ടില്ലേര്‍സണിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധവും ഭൂരാഷ്ട്രതന്ത്രവും മെച്ചപ്പെടാനുള്ള നിര്‍ദേശങ്ങള്‍ ടില്ലേര്‍സണിന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ടില്ലേര്‍സണ്‍ ഡല്‍ഹിയിലെത്തിയത്. പാക്കിസ്ഥാനില്‍ സുരക്ഷിത താവളം കണ്ടെത്തിയിട്ടുള്ള ഭീകരര്‍ക്ക് എതിരേ ശക്തമായ നടപടി വേണമെന്നു ടില്ലേര്‍സണ്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ, പാക്കിസ്ഥാന്‍, സൗദി അറേബ്യ, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള പര്യടനം ടില്ലേര്‍സണ്‍ ഒക്ടോബര്‍ 20നാണ് ആരംഭിച്ചത്.