പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമെന്ന് എസ്എഫ്ഐ. പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അഭിപ്രായ പ്രകടനം വസ്തുതാ വിരുദ്ധമാണ്. വസ്തുതകളുടെ വെളിച്ചത്തില്‍ തന്റെ അഭിപ്രായം തിരുത്താന്‍ അദ്ദേഹം തയ്യാറാവണമെന്ന് പി.എം ആര്‍ഷോ ആവശ്യപ്പെട്ടു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഏറെ മികച്ചതാണ് എന്ന അംഗീകാരം നീതി ആയോഗ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളും, യുണിസെഫ് ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ ഏജന്‍സികളും നേരത്തെ തന്നെ നല്‍കിയതുമാണ്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ പിന്നീടും അക്കാദമിക് രംഗത്ത് തുടര്‍ച്ചയായി ശോഭിക്കുന്ന അനുഭവം തന്നെയാണ് നമുക്ക് ഉണ്ടായിട്ടുള്ളതെന്നും പി എം അര്‍ഷോ ഫേസ്ബുക്കില്‍ രേഖപ്പെടുത്തി.
പി എം അര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചത്
കേരളത്തിലെ എസ്.എസ്.എല്‍.സി പരീക്ഷയും, പൊതുവിദ്യാഭ്യാസ സമ്പ്രദായം ആകെത്തന്നെയും രാജ്യത്തിനാകെ മാതൃകയാണ്. കോവിഡ് കാലത്ത് മിക്ക സംസ്ഥാനങ്ങളും എസ്.എസ്.എല്‍.സി പരീക്ഷ തന്നെ വേണ്ട എന്ന് തീരുമാനിച്ചപ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തി എസ്.എസ്.എല്‍.സി പരീക്ഷ നടത്തിയ സംസ്ഥാനമാണ് കേരളം.
2016 ന് ശേഷം അധികാരത്തില്‍ വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ നടത്തിയത്. ഇതിന്റെ ഭാഗമായി രാജ്യത്ത് തന്നെ മുഴുവന്‍ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകളുള്ള ആദ്യത്തെയും, ഏകവുമായ സംസ്ഥാനമായി കേരളം മാറി.
പണം കൊടുത്ത് പഠിക്കുന്ന അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ പത്തര ലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ചേക്കേറിയത്. ഇതെല്ലാം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റങ്ങളുടെ ഫലമാണ്. ഭൗതിക സാഹചര്യങ്ങളില്‍ വന്ന ഈ മാറ്റം വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം വര്‍ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഏറെ മികച്ചതാണ് എന്ന അംഗീകാരം നീതി ആയോഗ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളും, യുണിസെഫ് ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ ഏജന്‍സികളും നേരത്തെ തന്നെ നല്‍കിയതുമാണ്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ പിന്നീടും അക്കാദമിക് രംഗത്ത് തുടര്‍ച്ചയായി ശോഭിക്കുന്ന അനുഭവം തന്നെയാണ് നമുക്ക് ഉണ്ടായിട്ടുള്ളത്.
ഇതെല്ലാമാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് നടത്തിയ അഭിപ്രായ പ്രകടനം വസ്തുതാ വിരുദ്ധമാണെന്നും, വസ്തുതകളുടെ വെളിച്ചത്തില്‍ തന്റെ അഭിപ്രായം തിരുത്താന്‍ അദ്ദേഹം തയ്യാറാവണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.