മുംബൈ: ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നഷ്ടത്തോടെ ആരംഭിച്ച വിപണി പിന്നീട് തിരിച്ച് വരവില്ലാതെ അവസാനിക്കുക ആയിരുന്നു. സെൻസെക്‌സ് 872.28 പോയിന്റ് അഥവാ 1.46 ശതമാനം താഴ്ന്ന് 58773.87 ലും നിഫ്റ്റി 267.80 പോയിന്റ് അല്ലെങ്കിൽ 1.51 ശതമാനം താഴ്ന്ന് 17490.70 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1228 ഓഹരികൾ മുന്നേറി, 2214 ഓഹരികൾ ഇടിഞ്ഞു, 163 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
രൂപയുടെ മൂല്യവും ഇടിഞ്ഞു. വെള്ളിയാഴ്ച അമേരിക്കൻ ഡോളറിനെതിരെ 79.78 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. എന്നാൽ ഇന്ന് 9 പൈസ താഴ്ന്ന് 79.87 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടിസി, കോൾ ഇന്ത്യ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, നെസ്‌ലെ ഇന്ത്യ, ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, അദാനി പോർട്‌സ്, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ട്ത്തിലാണ് അവസാനിച്ചത്.
മേഖല പരിശോധിക്കുമ്പോൾ ഇന്ന് എല്ലാ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ്. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക ഏകദേശം 2 ശതമാനത്തോളം ഇടിഞ്ഞു, ബിഎസ്‌ഇ സ്‌മോൾ ക്യാപ് സൂചിക 1.15 ശതമാനം താഴ്ന്നു.
ടാറ്റ സ്റ്റീൽ 4 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ ഏഷ്യൻ പെയിന്റ്‌സ്, വിപ്രോ, എൽ ആൻഡ് ടി, ബജാജ് ട്വിൻസ്, അൾട്രാടെക് സിമന്റ്, കൊട്ടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, സൺ ഫാർമ, ടെക് എം, ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ എന്നിവ രണ്ട് മുതൽ നാല് ശതമാനം വരെ ഇടിഞ്ഞു.