മുംബൈ: തിരിച്ചടികളിൽ നിന്നും നേരിയ തോതിൽ കരകയറി ഓഹരി വിപണി. ഇന്നലെയും ഇന്നുമായി തുടരുന്ന തിരിച്ചടികൾക്ക് ശേഷമാണ് ഈ നേരിയ മുന്നേറ്റം. ഇന്ന് നഷ്ടത്തിൽ ആരംഭിച്ച വിപണി നേട്ടത്തിനും നഷ്ടങ്ങൾക്കും ഇടയിൽ ചാഞ്ചാടുകയായിരുന്നു. ബിഎസ്ഇ സെൻസെക്‌സ് 257 പോയിന്റ് ഉയർന്ന് 59,031 എന്ന നിലയിലെത്തി. നിഫ്റ്റി 50 87 പോയിന്റ് ഉയർന്ന് 17,578 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ 0.44 ശതമാനവും എൻഎസ്ഇ 0.5 ശതമാനവുമാണ് വളർച്ച നിരക്ക്.
ആർഐഎൽ, ഐസിഐസിഐ ബാങ്ക്, എം ആൻഡ് എം, എസ്ബിഐ, കൊട്ടക് ബാങ്ക്, ബജാജ് ട്വിൻസ്, ഭാരതി എയർടെൽ, ടൈറ്റൻ എന്നിവയാണ് ഇന്ന് സൂചികകളെ പിന്തുണച്ച ഓഹരികൾ. ഇൻഫോസിസ്, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎൽ, എച്ച്‌ഡിഎഫ്‌സി എന്നിവയാണ് ഇന്ന് സൂചികകളെ സമ്മർദ്ദത്തിലാക്കിയ ഓഹരികൾ.
ബിഎസ്ഇ മിഡ്കാപ്പ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 1 ശതമാനവും 0.78 ശതമാനവും വീതം ഉയർന്നു. മേഖലാപരമായി പരിശോധിക്കുമ്പോൾ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 2.34 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി ഐടി സൂചിക 2.34 ശതമാനം ഇടിഞ്ഞു. അതേസമയം, നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു.
ഏഷ്യൻ വിപണി രാവിലെ മുതൽ പൊതുവെ നഷ്ടത്തിലാണ് ആരംഭിച്ചത്. മാന്ദ്യഭയം നിക്ഷേപകരിൽ പ്രകടമാണ്. പലിശ നിരക്ക് വർദ്ധനയിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള സെൻട്രൽ ബാങ്ക് ശ്രമങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുകയും മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന ഭയമാണ് നിക്ഷേപകരിലുള്ളത്.