ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ; സെൻസെക്സ് 800 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിയിൽ ഇന്ന് ഇടിവ് നേരിട്ടു. നിഫ്റ്റി റിയൽറ്റി ഒഴികെ, എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലായിരുന്നു . മുൻനിര സൂചികകളായ നിഫ്റ്റി 200 പോയിന്റ് താഴ്ന്ന് 17,550 ലെവലിൽ വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെൻസെക്സ് 800 പോയിന്റ് താഴ്ന്ന് 58,734 ലെവലിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി സ്‌മോൾക്യാപ്, മിഡ്‌ക്യാപ് സൂചികകൾ 0.5 ശതമാനം വരെ ഇടിഞ്ഞു.

വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 79.66 ആയി. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ, രൂപ യു എസ് ഡോളറിനെതിരെ 79.55 എന്ന നിരക്കിലാണ് ആരംഭിച്ചതെങ്കിലും താമസിയാതെ ഇടിഞ്ഞു. അവസാന ക്ലോസിനെ അപേക്ഷിച്ച് 14 പൈസയുടെ ഇടിവ് രേഖപ്പെടുത്തി.

ഭാരതി എയർടെൽ, ബജാജ് ഫിൻസെർവ്, അൾട്രാടെക് സിമന്റ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ ഇന്ന് നഷ്ടം കുറയ്ക്കാൻ സൂചികകളെ സഹായിച്ചു. അതേസമയം, ഇൻഫോസിസ്, ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവനഷ്ടത്തിലാണ്. വ്യക്തിഗത ഓഹരികളിൽ, അശോക് ലെയ്‌ലാൻഡിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 159 രൂപയിലെത്തി. യുഎഇയിലേക്ക് 1,400 സ്കൂൾ ബസുകൾക്കായി മെഗാ ഓർഡർ നേടിയതിന് ശേഷമാന് ഈ ഉയർച്ച.

Top