മുംബൈ: കഴിഞ്ഞ ദിവസത്തെ റെക്കോഡ് നേട്ടത്തിനുശേഷം ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 117 പോയന്റ് താഴ്ന്ന് 60,018ലും നിഫ്റ്റി 11 പോയന്റ് നഷ്ടത്തില്‍ 17934ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റാന്‍, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
ടാറ്റ മോട്ടോഴ്‌സ് ഓഹരിയില്‍ കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ മൂന്നുശതമാനത്തിലേറെ വില ഉയര്‍ന്നു. സണ്‍ ഫാര്‍മ, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ബജാജ് ഓട്ടോ, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
നിഫ്റ്റി ബാങ്ക്, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളാണ് പ്രധാനമായും നഷ്ടത്തില്‍. ഓട്ടോ, മെറ്റല്‍, എഫ്എംസിജി ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. റീട്ടെയില്‍ നിക്ഷേപകരുടെ സാന്നിധ്യം വിപണിയില്‍ സജീവമാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങളും മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങളും ഓഹരികള്‍ വിറ്റൊഴിയുമ്പോഴും കഴിഞ്ഞ ദിവസം നേട്ടമുണ്ടായത് ചെറുകിട നിക്ഷേപകരുടെ ഇടപെടല്‍മൂലമാണ്.