ചെന്നൈ: വെല്ലൂര്‍ ജോസ് ആലുക്കാസ് ജൂവലറിയില്‍നിന്ന് കവര്‍ന്ന 15 കിലോ സ്വര്‍ണം ശ്മശാനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വെല്ലൂര്‍ ടൗണില്‍നിന്ന് 40 കിലോമീറ്ററോളം അകലെയുള്ള ഒടുക്കത്തൂരിലുള്ള ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
15-നാണ് കവര്‍ച്ച നടന്നത്. കേസില്‍, വെല്ലൂര്‍ കുച്ചിപ്പാളയം സ്വദേശിയായ ടിക്ക രാമന്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. കൂടുതല്‍ പേര്‍ കവര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് സംശയം.
വെല്ലൂര്‍ തൊട്ടപ്പാളയത്തുള്ള ജോസ് ആലുക്കാസ് ഷോറൂമിന്റെ പിന്‍ഭാഗത്തെ ഭിത്തിതുരന്ന് അകത്തുകടന്നായിരുന്നു കവര്‍ച്ച നടത്തിയത്. മുഖംമൂടി ധരിച്ചയാള്‍ ഷോറൂമില്‍ കയറി സി.സി.ടി.വി. ക്യാമറകളില്‍ പെയിന്റ് സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ടിക്ക രാമന്‍ അറസ്റ്റിലായത്. സി.സി.ടി.വി. ദൃശ്യത്തില്‍ കണ്ടത് ഇയാളെയായിരുന്നുവെന്നാണ് കരുതുന്നത്. സംശയത്തെത്തുടര്‍ന്ന് പത്തിലേറെ പേരെക്കൂടി പോലീസ് ചോദ്യംചെയ്യുന്നുണ്ട്.