ആലപ്പുഴ: കായംകുളം കൃഷ്ണപുരത്തെ ലെവല്‍ ക്രോസിന് ഭൂമി ഏറ്റെടുക്കാന്‍ 2005 ല്‍ വീടുകളില്‍ കല്ലിട്ടെങ്കിലും ഇത് വരെ നാട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുത്തിട്ടില്ല. കല്ലിട്ടത് മൂലം വീടിന്‍റെ അറ്റകുറ്റപ്പണി നടത്താനോ വായ്പ എടുക്കാനോ കഴിയാതെ ദുരിതം അനുഭവിക്കുകയാണ് ഇന്നും ജനങ്ങള്‍. പ്രദേശത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തി കല്ലിട്ട് പോയത് ആറ് കൊല്ലം മുമ്പ്. നഷ്ടപരിഹാരം നൽകി ഈ ഭൂമി ഏറ്റെടുക്കാന്‍ പിന്നെ ഒരാളും ഇങ്ങോട്ടേക്ക് വന്നിട്ടില്ല.
റെയില്‍വേ പണിയുന്ന പാലത്തിന് ഭൂമി ഏറ്റെടുത്ത് കൈമാറേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതിന് ചുമതലപ്പെടുത്തിയത് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡെവല്പെന്‍റ് കോർപറേഷനെ. കോര്‍പറേഷൻ ആവശ്യപ്പെട്ട പത്ത് കോടി രൂപയും അക്കൗണ്ടിലെത്തി. പിന്നെ എന്ത് കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ വൈകുന്നു എന്നതിന് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി ഇങ്ങനെ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്തിടെ മാത്രമാണ് പുനരധിവാസ പാക്കേജ് തയ്യാറായത്.ഇനി സ്ഥലമേറ്റെടുക്കുന്നതിന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം.നാട്ടുകാരുടെ തെളിവെടുപ്പ് നടത്തണം.പിന്നെ ജില്ലാ കല്കടര്‍ ഇതെല്ലാം അംഗീകരിക്കണം. അത് കഴിഞ്ഞാല്‍ പണം കൈമാറി ഭൂമി ഏറ്റെടക്കാനാവൂ. അത് വരെ ജനം സഹിച്ചേ പറ്റൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.