മഹാപ്രളയത്തിന്റെ കഥ; ജൂഡ് ആന്റണിയുടെ ‘2018’ ടീസർ എത്തി

കേരളം 2018ല്‍ നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘2018 എവരിവൺ ഈസ് എ ഹീറോ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

നാളുകൾ നീണ്ടുനിന്ന മഴയുടെ മുന്നോടിയായും അതിന് ശേഷവുമുള്ള കാഴ്ചകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ അനുഭവിച്ച മാനസിക സംഘർഷങ്ങളും ടീസറിൽ വരച്ചിടുന്നു. ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ടീസർ റിലീസ് ചെയ്യുമെന്നാണ് ജൂഡ് ആന്റണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാൽ ‘ഒരല്പം നേരത്തെ ആയിക്കോട്ടെ’, എന്ന് കുറിച്ചു കൊണ്ട് ടീസർ നേരത്തെ റിലീസ് ചെയ്യുക ആയിരുന്നു.

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, അപർണ ബാലമുരളി, ഇന്ദ്രൻസ്, ലാൽ, ഗൗതമി നായർ, ശിവദ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മൂന്ന് വർഷം മുൻപാണ് ഈ സിനിമ പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിക്കുമ്പോൾ സിനിമയ്ക്ക് 2403 ഫീറ്റ് എന്നായിരുന്നു പേര് നൽകിയിരുന്നത്. പിന്നീട് ഇത് മാറ്റുക ആയിരുന്നു. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജൂഡ് ആന്റണി ജോസഫും അഖിൽ പി ധർമജനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം- അഖിൽ ജോർജ്, സംഗീതം- നോബിൻ പോൾ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Top