കഥകളുടെ പെരുന്തച്ചന്‍ ; നവതിയുടെ നിറവില്‍

കോഴിക്കോട്: മലയാളി, മനസില്‍ എഴുതിചേര്‍ത്ത എം.ടിയെന്ന രണ്ടക്ഷരത്തിന് ഇന്ന് നവതി. 90 വര്‍ഷത്തിന്റെ ജീവിതസപര്യക്കിടയില്‍ മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും എം.ടിയോളം വായനക്കാരിലെത്തിച്ച എഴുത്തുകാരന്‍ മലയാളത്തില്‍തന്നെ അപൂര്‍വം.മലയാള ചെറുകഥയെ കവിതയുടെ ഉത്തുംഗതയിലേക്ക് നയിച്ച കാഥികനാണ് എം.ടി. ജ്ഞാനപീഠം നേടിയ എഴുത്തുകാരന്‍. പല തലമുറയെ എഴുത്തിന്റെ വഴിയില്‍ കണ്ടെത്തിയ പത്രാധിപര്‍. നിര്‍മാതാക്കള്‍ കാത്തുകിടന്നത്രയും വിലയേറിയ തിരക്കഥാകൃത്ത്. നടപ്പുശീലങ്ങളുടെ നെറുകയില്‍ തിരുത്തിന്റെ പള്ളിവാള്‍ വീശിയ സംവിധായകന്‍. അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ മറ്റൊരു സര്‍ഗപ്രതിഭയും എം.ടിയെപ്പോലെ കേരളത്തിലില്ല.

1933 ജൂലൈ 15ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കൂടല്ലൂരില്‍ പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും നാലു ആണ്‍മക്കളില്‍ ഏറ്റവും ഇളയവനായായിരുന്നു വാസുവിന്റെ ജനനം. സ്വന്തം അനുഭവപരിസരങ്ങളില്‍ തൊട്ടടുത്ത് കണ്ട മനുഷ്യരായിരുന്നു എം.ടിയുടെ കഥാപാത്രങ്ങളില്‍ ഏറെയും. ജീര്‍ണിച്ചു നിലംപൊത്താറായ നാലുകെട്ടുകള്‍ക്കുള്ളില്‍ നെടുവീര്‍പ്പിടുന്ന മനുഷ്യരെ എം.ടി ലോകത്തിനു മുന്നില്‍ മാറാല നീക്കി കാട്ടിക്കൊടുത്തു.

കാലവും മഞ്ഞും അസുരവിത്തും പാതിരാവും പകല്‍വെളിച്ചവും രണ്ടാമൂഴവും പോലുള്ള കൃതികള്‍ മലയാള നോവല്‍ സാഹിത്യത്തെ മാറ്റിപ്പണിതു. ദാര്‍ എസ് സലാമും ഷെര്‍ലകും വാരിക്കുഴിയും വാനപ്രസ്ഥവും നിന്റെ ഓര്‍മക്കും പോലുള്ള മികവുറ്റ കഥകള്‍ കാലങ്ങള്‍ക്കുമപ്പുറത്തേക്ക് സഞ്ചരിച്ചു. കൈക്കുറ്റപ്പാട് തീര്‍ത്ത തിരക്കഥകളായിരുന്നു എം.ടിയുടെ തൂലികയില്‍നിന്ന് പിറന്നത്. കാലമേറെ കഴിഞ്ഞിട്ടും മലയാള സിനിമ പുതിയ ചക്രവാളങ്ങളിലേക്ക് പറന്നുയര്‍ന്നിട്ടും എം.ടി വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ ഇപ്പോഴും മലയാളികള്‍ ഓര്‍ത്തിരിക്കുന്നു. ആവര്‍ത്തിച്ച് ഉരുവിടുന്നു. മകനെ വീതുളി എറിഞ്ഞുവീഴ്ത്തിയ പെരുന്തച്ചനും ചതിയനെന്ന് മുദ്രപതിഞ്ഞ ചന്തുവിനും എം.ടി നല്‍കിയ തിരഭാഷ്യം ലോക സിനിമയില്‍തന്നെ അപൂര്‍വം.

നഗരമേ നന്ദിയും കുട്ട്യേടത്തിയും പഞ്ചാഗ്‌നിയും അടിയൊഴുക്കുകളും വൈശാലിയും ഒരു വടക്കന്‍ വീരഗാഥയും പെരുന്തച്ചനും താഴ്വാരവും പോലുള്ള ക്ലാസിക് സിനിമകള്‍ മാത്രമല്ല, ദേശീയ പുരസ്‌കാരം നേടിയ നിര്‍മാല്യത്തിന്റെ സംവിധായകനുമാണ് അദ്ദേഹം. എം.ടിയുടെ നവതി കഴിഞ്ഞ കുറച്ചുനാളുകളായി കേരളീയ സമൂഹം ആഘോഷമാക്കിയിരിക്കുകയാണ്. തുഞ്ചന്‍പറമ്പില്‍ നടന്ന ആഘോഷങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മമ്മൂട്ടിയും പോലുള്ള പ്രമുഖരാണ് എത്തിയത്. മാതൃഭൂമി ഒരാഴ്ച നീണ്ട പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Top