വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ബഹുജന പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ സമരം ബഹുജന പ്രക്ഷോഭത്തിലേക്ക്. കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ രൂപതകളെയും അണിനിരത്തിയാണ് വിഴിഞ്ഞം തുറമുഖത്തിനെതിരായ അടുത്ത ഘട്ട സമരം. മുപ്പത്തിരണ്ട് രൂപതകളിലെ വൈദികരും വിശ്വാസികളും ബഹുജനമാര്‍ച്ചില്‍ പങ്കാളികളാകും. ഇത് സംബന്ധിച്ച് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എല്ലാ രൂപതകള്‍ക്കും കത്തയച്ചു. ഈ മാസം പതിനാലിന് മൂലമ്പള്ളിയില്‍ നിന്ന് തുടങ്ങി പതിനെട്ടിന് വിഴിഞ്ഞത്ത് അവസാനിക്കുന്ന തരത്തിലാണ് ബഹുജന മാര്‍ച്ച് നിശ്ചയിച്ചിട്ടുള്ളത്.

അതിനിടെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നില്‍ മത്സ്യത്തൊഴിലാളികളും ലത്തീന്‍ അതിരൂപതയും നടത്തുന്ന സമരം ഇരുപത്തിയാറാം നാളിലേക്ക് കടന്നു. വൈദികരുടെയും അല്‍മായരുടേയും നേതൃത്വത്തില്‍ റിലേ നിരാഹാര സമരമാണ് നടക്കുന്നത്. സമരത്തിന് പിന്തുണയറിച്ച് ചെല്ലാനം മുതല്‍ ബീച്ച് റോഡ് തിരുമുഖ തീര്‍ഥാടന കേന്ദ്രം വരെ പതിനേഴ് കിലോമീറ്റര്‍ നീളത്തില്‍ ഇന്ന് വൈകിട്ട് മനുഷ്യ ചങ്ങല തീര്‍ക്കും. കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സിലിന്റെ നേതൃത്വത്തിലാണ് മനുഷ്യ ചങ്ങല തീര്‍ക്കുക.

Top