ഇടുക്കി: കോളേജ് ഹോസ്റ്റലില്‍ നിന്ന് ലഹരി ഉപയോഗിച്ച കാര്യം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയുമായ ഷൈജുവാണ് ആത്മഹത്യ ചെയ്തത്. തേനി ജില്ലയിലെ പെരിയകുളം ദിണ്ടുക്കല്‍ റോഡിലുള്ള മേരിമാതാ എന്ന പ്രൈവറ്റ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ഷൈജു. ഹോസ്റ്റലിലെ ആളില്ലാത്ത മുറിയിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥി ലഹരി ഉപയോഗിച്ചത്, പരിശോധനയില്‍ മുറിയില്‍ നിന്നും 3500 രൂപ വില വരുന്ന 350 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ പുലര്‍ച്ചെ 6 മണിയ്ക്ക് വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാരോട് ഹോസ്റ്റലിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.
വീട്ടില്‍ വിവരം അറിയിച്ചത് അറിഞ്ഞ വിദ്യാര്‍ത്ഥി, ആളില്ലാത്ത ഹോസ്റ്റല്‍ മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥിയെ പെരിയകുളം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹോസ്റ്റല്‍ അധികൃതകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദേവദാനപ്പെട്ടി പൊലീസെത്തി അന്വേഷണം ആരംഭിച്ചു.