കൊച്ചി: വടക്കന്‍ പറവൂരിലെ സബ് ട്രെഷറി കെട്ടിടം കനത്ത മഴയില്‍ തകര്‍ന്നുവീണു. കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ട്രഷറിയുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം നായരമ്പലത്തിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായില്ല.
കെട്ടിടത്തിനു മുന്നില്‍ വെള്ളക്കെട്ടും രൂക്ഷമായതോടെ ജീവനക്കാരും ഇവിടെ എത്തുന്നവരും ഭീഷണിയുടെ നിഴലിലായി. ട്രഷറി ഓഫീസര്‍ ഉള്‍പ്പെടെ 17 ജീവനക്കാരുണ്ട്. കെട്ടിടത്തിനകത്തിരുന്ന് ഭയപ്പാടോടെയാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ട്രഷറി മന്ദിരത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന തണല്‍മരത്തിന്റെ കൊമ്പുകള്‍ മഴനനഞ്ഞ് ചാഞ്ഞുവരുന്നത് മറ്റൊരു പ്രശ്‌നമാണ്.
കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ച് പുതിയതു പണിയാന്‍ 2010-ല്‍ കച്ചേരിവളപ്പില്‍ സ്ഥലം അനുവദിച്ചിരുന്നു. 2021-ല്‍ ഇന്‍ക്വല്‍ എന്ന കമ്പനി പണി ആരംഭിച്ചെങ്കിലും കോടതി ഇടപെട്ടതിനെ തുടര്‍ന്ന് നിര്‍മാണം തടസ്സപ്പെട്ടു. ഈ മഴക്കാലത്ത് കെട്ടിടത്തിന്റെ ചോര്‍ച്ച കൂടി പെന്‍ഷന്‍ റെക്കോഡുകള്‍, മുദ്രപ്പേപ്പറുകള്‍, വിലപ്പെട്ട സര്‍ക്കാര്‍ രേഖകള്‍ എന്നിവ നശിക്കാനിടയുണ്ട്.