അമ്പത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ മമ്മൂട്ടിയെ അഭിനന്ദിച്ച് ഹരീഷ് പേരടി എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കഥാപാത്രങ്ങള്‍ക്കുവേണ്ടി ഈ മനുഷ്യന്‍ നടത്തുന്ന സഹനവും സമരവുമാണ് ഈ വിജയമെന്ന് ഹരീഷ് പറയുന്നു.
”എട്ട് തവണ..എത്ര തവണ ?..എട്ട് തവണ…ഒരു നടന്‍ അയാളുടെ കയ്യില്‍ സംസ്ഥാന പുരസ്‌ക്കാരം തലോടുന്നു.. കഥാപാത്രങ്ങള്‍ക്കുവേണ്ടി ഈ മനുഷ്യന്‍ നടത്തുന്ന സഹനവും സമരവുമാണി വിജയം..ലിജോയുടെ അസാമാന്യ പ്രതിഭയോട് അയാളിലെ നടന്‍ സമരസപ്പെടുമ്പോള്‍..ജയിംസില്‍ നിന്ന് സുന്ദരത്തിലേക്കും സുന്ദരത്തില്‍ നിന്ന് വീണ്ടും ജയിംസിലേക്കും മാറാന്‍ അയാളുടെ ആയുധം പകര്‍ന്നാട്ടത്തിന്റെ ഒരു ഉറക്കം മാത്രമാണെന്നുള്ളത് കാഴച്ചക്കാരനെ കുറച്ച് ഉള്‍കിടിലത്തോടെ ഇപ്പോഴും വേട്ടയാടുന്നു.
മമ്മൂക്കാ നിങ്ങളെ അഭിനന്ദിക്കാന്‍ ഞാന്‍ ആരുമല്ല..പകരം മമ്മൂക്കാ മമ്മൂക്കാ എന്ന് പലയാവര്‍ത്തി ഉറക്കെ വിളിച്ച് ഈ എഴുപത്തിരണ്ടാം വയസ്സിലും കത്തികൊണ്ടിരിക്കുന്ന അഭിനയത്തിന്റെ ചൂട് പറ്റാന്‍ ഇനിയും നിരന്തരമായി ശ്രമിച്ചുകൊണ്ടേയിരിക്കും എന്ന് മാത്രം..ഞാന്‍ ഇതെഴുതുമ്പോഴും മറ്റെതോ കഥാപാത്രത്തിനെ ആര്‍ത്തിയോടെ നിങ്ങള്‍ ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരിക്കും എന്ന ഉറപ്പോടെ.”-ഹരീഷ് പേരടിയുടെ വാക്കുകള്‍
നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിയെ േതടിയെത്തിയത്. അതില്‍ ആറെണ്ണം മികച്ച നടനും ഒന്ന് പ്രത്യേക ജൂറി പരാമര്‍ശവും മറ്റൊന്ന് മികച്ച രണ്ടാമത്തെ നടനുള്ള അംഗീകാരവും. 2010 ല്‍ പാലേരി മാണിക്യത്തിലെ പുരസ്‌കാരത്തിനു ശേഷം നീണ്ട 14 വര്‍ഷത്തെ ഇടവേള. 1985 ല്‍ അടിയൊഴുക്കുകളിലൂടെയാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. 3 തവണ ദേശീയ പുരസ്‌കാരവും ലഭിച്ചു.