കള്ളക്കുറിച്ചിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിപ്പല്‍ ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കള്ളക്കുറിച്ചി: തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ ഇവരുടെ പേരുണ്ടായിരുന്നു. പ്രധാനാധ്യാപകന് പുറമെ രണ്ട് അധ്യാപകരേയാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് സിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.

വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളുടേയും സഹപാഠികളുടേയും മൊഴി അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. സ്‌കൂളിനെതിരെ പരാതിയുമായി നിരവധി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ആത്മഹത്യ ചെയ്ത് വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം അമിതരക്തസ്രാവമാണ് മരണകാരണം. വീഴ്ചയില്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ നിരവധി മുറിവുകളാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലുള്ള പ്രതിഷേധമാണ് വന്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. പൊലീസ് ആകാശത്തേക്ക് വെടിവച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 30ല്‍ അധികം ബസുകള്‍ തകര്‍ക്കുകയും നിരവധി ബസുകള്‍ കത്തിക്കുകയും ചെയ്തു.

Top