സോച്ചി: വിമര്‍ശനങ്ങളും ട്രോളുകളും സജീവമാകുമ്പോള്‍ ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മറിനെതിരെ ഇംഗ്ലിഷ് ദിനപത്രമായ ‘ദ് സണ്‍’ന്റെ പുതിയ റിപ്പോര്‍ട്ട്. റഷ്യന്‍ ലോകകപ്പില്‍ നാലു കളികള്‍ക്കിടെ നെയ്മര്‍ മൈതാനത്തു വീണു കിടന്നത് 14 മിനിറ്റാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്‍ജ്വറി ടൈം കണക്കാക്കാതെ നോക്കിയാല്‍, ആകെ കളി 360 മിനിറ്റ്, ഇതില്‍ 14 മിനിറ്റ് ഫൗള്‍ ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടു നെയ്മര്‍ മൈതാനത്തു വീണു കിടക്കുകയായിരുന്നുവെന്നും, ഒരു കളിയില്‍ ശരാശരി മൂന്നരമിനിറ്റ് നെയ്മര്‍ വീണു കിടന്നെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട താരമെന്ന പേരുണ്ടെങ്കിലും കളിക്കിടെ ആവര്‍ത്തിക്കപ്പെട്ട വീഴ്ചയുടെ പേരില്‍ നെയ്മര്‍ ഒട്ടേറെ വിമര്‍ശനം കേള്‍ക്കുകയും ചെയ്തു.
നെയ്മര്‍ അഭിനയം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇംഗ്ലിഷ് ഫുട്‌ബോളര്‍ അലന്‍ ഷിയറര്‍, മെക്‌സിക്കോ കോച്ച് യുവാന്‍ കാര്‍ലോസ് ഓസോരിയോ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
ലോകത്തിലെ മികച്ച അഞ്ചു കളിക്കാരില്‍ ഒരാളായ നെയ്മര്‍, അഭിനയം നിര്‍ത്തി കളി ശ്രദ്ധിച്ചാല്‍ നന്നായിരിക്കുമെന്നായിരുന്നു ഷിയററുടെ കമന്റ്.
നെയ്മര്‍ കാരണം, പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയുടെ ഒട്ടേറെ സമയം പോയെന്നും ഇതുപോലുള്ള കുട്ടിക്കളി, ഭാവി താരങ്ങള്‍ക്കു ദുര്‍മാതൃകയാണെന്നും ഒസോരിയോ പറഞ്ഞിരുന്നു.