കാവേരി നദി ജലതര്‍ക്കം : തമിഴ്‌നാട് വീണ്ടും സുപ്രീം കോടതിയില്‍

kaveri issue

ന്യൂഡല്‍ഹി: കാവേരി നദി ജലതര്‍ക്കം വീണ്ടും സുംപ്രീകോടതിയിലേക്ക് എത്തുന്നു. കാവേരി നദിയില്‍ നിന്ന് അധികമായി നാല് ടി.എം.സി ജലം തമിഴ്‌നാടിന് വിട്ടുനല്‍കാനാവില്ലെന്ന് കര്‍ണാടക വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് തമിഴ്‌നാട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്‌. കൂടുതല്‍ ജലം തമിഴ്‌നാടിന് നല്‍കിയിട്ടുണ്ടെന്നും ഇനി അധിക ജലം നല്‍കാനാവില്ലെന്നുമാണ് കര്‍ണാടകയുടെ നിലപാട്.

കാവേരിയിലെ നാല് റിസര്‍വോയറില്‍ നിന്നായി ഒമ്പത് ടി.എം.സി ജലമാണ് കര്‍ണാടകയ്ക്കുള്ളത്. ഇത്രയും ജനങ്ങളുടെ കുടിവെള്ളാവശ്യം നിറവേറ്റുന്നതിനും കൃഷിക്കും അപര്യാപ്തമാണെന്നാണ് കര്‍ണാടക പറയുന്നത്.നാല് ടി.എം.സി ജലം വിട്ടുനല്‍കാന്‍ മേയ് മൂന്നിന് സുപ്രീം കോടതി കര്‍ണാടകയോട് നിര്‍ദ്ദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കര്‍ണാടകയുടെ നിഷേധാത്മക സമീപനം. കേസ് നാളെ വീണ്ടും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്.

നാളെ കേസ് പരിഗണിക്കുമ്പോള്‍ കൂടുതല്‍ ജലം വിട്ടുനല്‍കാനാവില്ലെന്ന് കര്‍ണാടക അറിയിക്കും. എന്നാലിത് കോടതിയലക്ഷ്യമാണെന്നും നടപടി എടുക്കണമെന്നുമാകും തമിഴ്‌നാട് വാദിക്കുക.ഫെബ്രുവരി 16ന്റെ വിധി പ്രകാരം കാവേരി ജല തര്‍ക്കം പരിഹരിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ പത്ത് ദിവസം കൂടി വേണമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ചൈനാ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് തിരക്കുകളില്‍ മുഴുകിയതിനാല്‍ കേന്ദ്രമന്ത്രിസഭയ്ക്ക് കാവേരി പദ്ധതി അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

അതേസമയം, കാവേരി ട്രൈബ്യൂണല്‍ വിധി പ്രകാരം രണ്ടു ടി.എം.സി ജലമാണ് ലഭിക്കേണ്ടതെന്നും ഏപ്രില്‍ വരെ വന്നത് 1.1 ടി.എംസി മാത്രമാണെന്നും തമിഴ്‌നാട് പറയുന്നു.

Top