ഡല്‍ഹി: വൈക്കോല്‍ കത്തിക്കുന്ന കര്‍ഷകരെ താങ്ങുവില പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും വിധം വൈക്കോല്‍ കത്തിക്കുന്ന കര്‍ഷകരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഡല്‍ഹി-ദേശീയ തലസ്ഥാന മേഖലയിലെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതില്‍ ആശങ്ക ഉയര്‍ത്തുന്ന ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍ , സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ഇത്തരത്തില്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് വൈക്കോലുകള്‍ ഉപയോഗപ്രദമായ ഉപോല്‍പ്പന്നമാക്കി മാറ്റാന്‍ ബെയ്ലിംഗ് മെഷീനുകള്‍ വാങ്ങുന്നതിന് പൂര്‍ണ്ണമായും സബ്സിഡി നല്‍കണമെന്നും അവരുടെ പ്രവര്‍ത്തനച്ചെലവിന് ധനസഹായം നല്‍കണമെന്നും കോടതി ശുപാര്‍ശ ചെയ്തു. പഞ്ചാബിലും അതിനോട് ചേര്‍ന്നുള്ള മറ്റ് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് തലസ്ഥാന നഗരിയില്‍ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ഒക്ടോബറില്‍, ദേശീയ തലസ്ഥാനത്തും പരിസരത്തും വഷളായിക്കൊണ്ടിരിക്കുന്ന വായുവിന്റെ ഗുണനിലവാരം നേരിടാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ മുഖ്യകാരണം വൈക്കോലുകള്‍ കത്തിക്കുന്നതാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി സര്‍ക്കാരുകളോട് അന്തരീക്ഷ മലിനീകരണം പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികളുടെ രൂപരേഖ തയ്യാറാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.