മുസ്ലീംസ്ത്രീകളുടെ പള്ളി പ്രവേശനം, ഹിന്ദുമഹാസഭയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഇത്തരം ഒരു ആവശ്യവുമായി മുസ്ലിം സ്ത്രീകള്‍ വരുമ്പോള്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

അഖില ഭാരത ഹിന്ദു മഹാസഭാ കേരളം ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ഹൈക്കോടതിയും ഈ വിഷയത്തിന്മേലുള്ള ഹര്‍ജി തള്ളിയിരുന്നു. ഇതു ചോദ്യംചെയ്താണ് ദത്താത്രേയ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതുവിടങ്ങളില്‍ മുഖം മറയ്ക്കുന്ന പര്‍ദ്ദയുടെ ഉപയോഗം വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേരള ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ഈ ആവശ്യവും സുപ്രീംകോടതി തള്ളി.

Top