ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ നല്‍കിയ കേസില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. ഭാര്യ ഹസീന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് ഒരു മാസത്തിനകം തീര്‍പ്പാക്കാന്‍ സുപ്രീംകോടതി വെസ്റ്റ് ബംഗാള്‍ സെഷന്‍സ് കോടതിയോട് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹസീന്‍ ജഹാന്റെ ഹര്‍ജി പരിഗണിച്ചത്. 2018ലാണ് മുഹമ്മദ് ഷമിക്കെതിരെ ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, അറസ്റ്റ് വാറന്റ് സെഷന്‍സ് കോടതി സ്റ്റേ ചെയ്തു. കോടതിവിധിക്കെതിരെ അവര്‍ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല.
കീഴ്ക്കോടതിയുടെ വിധി കല്‍ക്കട്ട കോടതി ശരിവയ്ക്കുകയായിരുന്നു. കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് ഹസീന്‍ പിന്നീട് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, കേസിലെ മുഴുവന്‍ നടപടിക്രമങ്ങളും ഉടന്‍ തീര്‍പ്പാക്കാന്‍ സെഷന്‍സ് കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു. നാലു വര്‍ഷമായി സ്റ്റേ തുടരുകയാണ്. അതിനാല്‍, പരാതിക്കാരിയുടെ ഹരജിയില്‍ ന്യായമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 2018 മാര്‍ച്ച് എട്ടിനാണ് ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹസീന്‍ ജഹാന്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് സ്ത്രീധനം ചോദിച്ച് പീഡനം, സ്ത്രീക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി താരത്തിനെതിരെ കേസെടുത്തിരുന്നു. സൗത്ത് 24 പര്‍ഗാനാസിലെ ആലിപോര്‍ അഡിഷനല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് സെഷന്‍സ് കോടതിയെ സമീപിച്ച് താരം വാറന്റിന് സ്റ്റേ വാങ്ങുകയായിരുന്നു.