ഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കാന്‍ വിസമ്മതിക്കുന്ന കേന്ദ്ര നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. നാരീശക്തിയേപ്പറ്റി പറയുന്ന നിങ്ങള്‍ അതിവിടെ കാണിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. വനിതകളോട് നീതി ചെയ്യുംവിധം നയമുണ്ടാക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.
വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ അനുവദിക്കാന്‍ വ്യവസ്ഥയുണ്ടോയെന്ന ചോദ്യത്തിന്, പത്ത് ശതമാനമുണ്ടെന്നായിരുന്നു കോസ്റ്റ്ഗാര്‍ഡിന്റെ പ്രതികരണം. ഇത് എന്തുകൊണ്ടാണെന്നും സ്ത്രീകള്‍ മനുഷ്യന്മാരെക്കാള്‍ താഴെയാണോയെന്നും കോടതി ചോദിച്ചു. നാവികസേനയടക്കം സ്ഥിരം കമ്മിഷന്‍ അനുവദിക്കുമ്പോള്‍ കോസ്റ്റ്ഗാര്‍ഡ് പിന്നാക്കം പോകുന്നത് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ പോളിസി നടപ്പിലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, മനോജ് മിശ്ര എന്നിവരും ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലുണ്ട്.
കോസ്റ്റ് ഗാര്‍ഡിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലുള്ള യോഗ്യരായ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ത്യാഗി എന്ന ഉദ്യോഗസ്ഥ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കര, വ്യോമ, നാവികസേനകളിലെ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കാനുള്ള വിധികള്‍ക്ക് ശേഷവും കേന്ദ്രത്തിന്റെ സമീപനം ഇതാണോയെന്ന് ബെഞ്ച് ചോദിച്ചു. സര്‍ക്കാരിന് ഇപ്പോഴും പുരുഷമേധാവിത്വ സമീപനമാണോയെന്ന് ചോദിച്ച കോടതി, ലിംഗസമത്വം ഉറപ്പുനല്‍കുന്ന നയമുണ്ടാക്കാനും ആവശ്യപ്പെട്ടു.