പരിയാരം മെഡിക്കല്‍ കോളേജിലെ വര്‍ധിപ്പിച്ച ഫീസ് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് വര്‍ധിപ്പിച്ച ഫീസ് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീം കോടതി. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം. സെപ്റ്റംബര്‍ 30നകം ഫീസ് അടയ്ക്കണമെന്ന് കോളേജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചിരുന്നു.

2018 ഓഗസ്റ്റില്‍ തങ്ങള്‍ കോളേജില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു എന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ വാദം. സര്‍ക്കാര്‍ ഫീസ് മാത്രമേ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാവു എന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ജൂലൈ 28ന് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും കോളേജ് മാനേജ്‌മെന്റും ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കായിരുന്നു നോട്ടീസ്.

ഈ നോട്ടീസ് നിലനില്‍ക്കെയാണ് ഫീസ് നിര്‍ണ്ണയ സമിതി ശുപാര്‍ശചെയ്ത വര്‍ധിപ്പിച്ച ഫീസ് സെപ്റ്റംബര്‍ 30നകം നല്‍കാന്‍ കോളേജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചത്. ഈ നിര്‍ദേശം നിയമവിരുദ്ധവും കോടതിയോടുള്ള അവഹേളനവുമാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

Top