ന്യൂഡല്‍ഹി: ട്രെയിനുകള്‍ വൈകിയോടുന്നതില്‍ നിര്‍ണ്ണായക ഉത്തരവുമായി സുപ്രീം കോടതി. ട്രെയിനുകള്‍ അകാരണമായി വൈകി ഓടിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടു. 2016 ല്‍ കുടുംബത്തോടൊപ്പം ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോള്‍ ട്രെയിന്‍ നാല് മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് നഷ്ടം നേരിട്ട യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ് ശരിവച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി എന്ന് മണി കണ്ട്രോള്‍ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റെയില്‍വേ അധികൃതരുടെ നിയന്ത്രണങ്ങള്‍ക്കു പുറത്തുള്ള കാരണങ്ങളാലോ മതിയായ ന്യായീകരണമുള്ള കാരണങ്ങളാലോ അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ജസ്റ്റീസുമാരായ എംആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത് എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വകാര്യ ഗതാഗത മേഖലയില്‍ ഉള്‍പ്പടെ ഉത്തരവാദിത്തവും മത്സരവുമുള്ള ഇക്കാലത്ത് പൊതുഗതാഗത മേഖല കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യത്ത് ഒരു യാത്രക്കാരനും റെയില്‍വേ ഉള്‍പ്പടെ അധികൃതരുടെയും ഭരണകൂടത്തിന്റെയും കാരുണ്യത്തിന് വേണ്ടി കാത്തുനില്‍ക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതെന്നും വ്യക്തമാക്കി.