ന്യൂഡല്‍ഹി: കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസില്‍നിന്ന് സംസ്ഥാനത്തെ നാല് കോര്‍പറേഷനുകളെ സുപ്രീം കോടതി ഒഴിവാക്കി. കൊച്ചി, തൃശൂര്‍, കൊല്ലം, കോഴിക്കോട് എന്നീ കോര്‍പറേഷനുകളെയാണ് കേസിലെ കക്ഷികളുടെ പട്ടികയില്‍നിന്ന് സുപ്രീം കോടതി ഒഴിവാക്കിയത്. ഇതിന് പുറമെ ചില ജില്ലാ പഞ്ചായത്തുകളെയും ഗ്രാമ പഞ്ചായത്തുകളെയും സംസ്ഥാനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍നിന്ന് സുപ്രീം കോടതി ഒഴിവാക്കിയിട്ടുണ്ട്.
ഇത് കേസിലെ നടപടികളെ വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് കക്ഷികളുടെ പട്ടികയില്‍നിന്ന് ചില കോര്‍പറേഷനുകളെയും പഞ്ചായത്തുകളെയും നീക്കാന്‍ അപേക്ഷ നല്‍കിയതെന്നും സംസ്ഥാനം വ്യക്തമാക്കി. കോര്‍പറേഷന്റെയും പഞ്ചായത്തുകളുടെയും താത്പര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെ സംരക്ഷിക്കുന്ന സാഹചര്യത്തിലാകും അവ മറുപടി നല്‍കാത്തതെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും, കെ.വി. വിശ്വനാഥും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
തെരുവുനായ കേസില്‍ കേരളത്തിലെ ആറ് കോര്‍പറേഷനുകളും സംസ്ഥാനം നല്‍കിയ ഹര്‍ജികളില്‍ എതിര്‍കക്ഷി ആയിരുന്നു. എന്നാല്‍ കണ്ണൂര്‍, തിരുവനന്തപുരം കോര്‍പറേഷനുകള്‍ മാത്രമാണ് കേസില്‍ അഭിഭാഷകരെ കോടതിയില്‍ ഹാജരാകാന്‍ ചുമതലപ്പെടുത്തിയത്. മറ്റ് നാല് കോര്‍പറേഷനുകള്‍ക്കും നോട്ടീസ് കൈമാറിയിട്ടും അവരുടെ ഭാഗത്തുനിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി സുപ്രീം കോടതിയെ അറിയിച്ചു.