വ്യവസായികളുടെ താല്‍പ്പര്യമല്ല, ജനങ്ങളുടെ ദുരിതം കാണണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സാഹചര്യത്തില്‍ ബാങ്ക് വായ്പകള്‍ക്ക് മോറട്ടോറിയം കാലയളവവില്‍ പലിശ ഒഴിവാക്കുന്നതില്‍ തീരുമാനം വൈകുന്നതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാവരുത് സര്‍ക്കാരിന്റെ നയം എന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി.

നേരത്തെ, മോറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാവാന്‍ കാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ആണ്. അതിനാല്‍ തീരുമാനം എടുക്കാതെ റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയ്ക്ക് പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്നു എന്ന കോടതിയുടെ പരാമര്‍ശം തെറ്റാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജി സെപ്റ്റംബര്‍ 1ന് വീണ്ടും പരിഗണിക്കും.

Top