‘പദ്ധതികള്‍ക്ക് മുന്‍കൂര്‍ പരിസ്ഥിതി അനുമതിവേണ്ട’ :കേന്ദ്ര ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ഡല്‍ഹി: വന്‍കിട ഖനനം ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് മുന്‍കൂര്‍ പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. 2022 ജനുവരിയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു.

പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന പാറ ഖനനം ഉള്‍പ്പടെയുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ പ്രധാന ഗുണഭോക്താക്കള്‍. ഈ ഉത്തരവ് ചോദ്യം ചെയ്ത് വനശക്തി എന്ന സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2006-ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപന പ്രകാരം പദ്ധതികള്‍ ആരംഭിക്കുന്നതിന് മുന്‍കൂര്‍ പരിസ്ഥിതിഅനുമതി അനിവാര്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2017-ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതികള്‍ ആരംഭിച്ച് ആറ് മാസത്തിനുള്ളില്‍ പരിസ്ഥിതിഅനുമതി കരസ്ഥമാക്കിയാല്‍മതിയെന്ന ഉത്തരവിറക്കിയിരുന്നു.

ഈ ഉത്തരവ് മദ്രാസ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഹൈകോടതിയുടെ ഉത്തരവ് തമിഴ് നാടിന് മാത്രമാണ് ബാധകമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് 2022 ജനുവരിയില്‍ കേന്ദ്രം പുതിയ ഉത്തരവിറക്കിയത്. ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെയാണ് സ്റ്റേ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Top