ഡല്‍ഹി: പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. ഇനി പാലില്‍ മായം ചേര്‍ക്കാന്‍ ഒരുങ്ങുന്നവര്‍ തടവുശിക്ഷയും അനുഭവിക്കാന്‍ ഒരുങ്ങിക്കോളൂ.
പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് തടവുശിക്ഷ നല്‍കുന്നതിനെ അനുകൂലിച്ച് സുപ്രീംകോടതി. ജീവപര്യന്തം തടവുശിക്ഷ വരെ നല്‍കാമെന്ന് സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസ് ആര്‍. ഭാനുമതി, യു.യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ശ്രദ്ധേയമായ നിരീക്ഷണം. പാലില്‍ മായം ചേര്‍ക്കുന്നത് തടയേണ്ട സമയം അതിക്രമിച്ചതായി ജസ്റ്റിസുമാര്‍ നിരീക്ഷിച്ചു.
ഭാവി തലമുറയുടെ വളര്‍ച്ചയെ പോലും പ്രതികൂലമായി ബാധിക്കുന്ന വിധമാണ് പാലില്‍ മായം ചേര്‍ത്തുകൊണ്ടിരിക്കുന്നത്. നിലവില്‍ പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമമാണ് നിലവിലുള്ളത്.
ഈ നിയമം പരിഷ്‌കരിക്കുന്ന കാര്യം കേന്ദ്രവും സംസ്ഥാനങ്ങളും പരിഗണിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍, ഒഡീഷ എന്നിവടങ്ങളില്‍ പാലില്‍ മായം ചേര്‍ക്കുന്നതിന് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന നിയമം നിലവിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും നിയമം കര്‍ക്കശമാക്കണമെന്നാണ് സുപ്രീം കോടതിയുടെ ശുപാര്‍ശ.