ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രനിയമത്തില്‍ ഇളവു വരുത്തി സുപ്രീംകോടതി. അസ്വാഭാവികതയുള്ള 24 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി.
മുംബൈയില്‍ പീഡനത്തിനിരയായ യുവതി നല്കിയ ഹരജിയിലാണ് വിധി. അമ്മക്കും ഗര്‍ഭസ്ഥ ശിശുവിനും അപകടം ഉണ്ടാവുന്ന സാഹചര്യമാണെന്നും ഭ്രൂണത്തിന് അസ്വാഭാവികതയുണ്ടെന്നും വ്യക്തമാക്കി ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്.
ജസ്റ്റിസ് ജെ.എസ്.കേഹര്, ജസ്റ്റിസ് കുര്യന് ജോസഫ്, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.
20 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കുന്നത് തടയുന്ന നിയമം സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റേയും മഹാരാഷ്ട്ര സര്‍ക്കാരിന്റേയും നിലപാട് ആരാഞ്ഞിരുന്നു.
കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിക്ക് ജസ്റ്റിസ് ജെ.എസ്.കേഹര് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
അറ്റോണി ജനറലിന്റെ റിപ്പോര്‍ട്ടിന്റെയും യുവതി ചികിത്സ തേടിയ മുംബൈയിലെ കിങ് എഡ്വാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
യുവതിയുടെ ആരോഗ്യസ്ഥിതിയും അപകടസാധ്യതയില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നതിലെ പ്രായോഗികതയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാല് കിങ് എഡ്വാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിക്ക് വെള്ളിയാഴ്ചയാണ് കോടതി നിര്‍ദേശം നല്‍കിയത്.
ഭ്രൂണത്തിന് വളര്‍ച്ച എത്തികൊണ്ടിരിക്കുന്നതിനാല്‍ എത്രയും പെട്ടന്ന് തീരുമാനമുണ്ടാകണമെന്ന് യുവതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
തന്റെ ഗര്‍ഭസ്ഥ ശിശുവിന് അസ്വാഭാവികതകളുണ്ടെന്നും കുഞ്ഞ് ജനിക്കുകയാണെങ്കില്‍ അത് തന്നില്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്.
1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്റ്റ് പ്രകാരം അമ്മക്കും ഗര്‍ഭസ്ഥശിശുവിനും അപകടസാധ്യതയുണ്ടെങ്കില്‍ 20 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാം.
ഗര്‍ഭഛിദ്ര നിയമത്തിലെ 3(2) ബി പ്രകാരം 20 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കുന്നത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, 21 എന്നിവയുടെ ലംഘനമാണ്. ഈ വകുപ്പ് യുക്തിരഹിതവും ഏകപക്ഷീയവും ജീവിക്കാനുള്ള തന്റെ അവകാശത്തിന്റെ ലംഘനമാണെന്നും യുവതി ഹരജിയില്‍ ചുണ്ടിക്കാട്ടിയിരുന്നു.
ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുന്നതിന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പീഡനത്തിനിരയായ, അവിവാഹിതയും ദരിദ്രയുമായ സ്ത്രീക്ക് ഇത്തരത്തിലുള്ള കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തുകയെന്നത് സാമൂഹികമായ പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്നും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തയാള്‍ക്കെതിരെ യുവതിയുടെ പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നു.