സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 11 ലക്ഷം ഫീസായി ഈടാക്കാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 11 ലക്ഷം ഫീസായി ഈടാക്കാന്‍ മാനേജ്‌മെന്റിന് സുപ്രീംകോടതി അനുമതി.

5 ലക്ഷം രൂപ പണമായി നല്‍കാം, ബാക്കി 6 ലക്ഷം ബാങ്ക് ഗ്യാരണ്ടിയായോ പണമായോ നല്‍കാം.

ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരെയാണ് സുപ്രീം കോടതിയുടെ ഈ താല്‍ക്കാലിക അനുമതി.

അതേസമയം, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് 50 ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി നല്‍കണമെന്ന വ്യവസ്ഥയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്ത് വന്നിരുന്നു.

അഞ്ചുലക്ഷം രൂപ വാര്‍ഷിക ഫീസ് കൂടാതെയാണ് ഇത്രയും തുക കണ്ടെത്തേണ്ടത്. കൂടാതെ, 11 ലക്ഷത്തിന്റെ പലിശരഹിത നിക്ഷേപവും ഉറപ്പാക്കിയാലേ ഈ കോളേജുകളിലെ 35 ശതമാനം സീറ്റുകളില്‍ പ്രവേശനം നേടാനാകൂ.

പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി വിധിക്ക് വിരുദ്ധമാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. പരിയാരം, കാരക്കോണം സി.എസ്.ഐ., പെരിന്തല്‍മണ്ണ എം.ഇ.എസ്. എന്നീ കോളേജുകളാണ് സര്‍ക്കാരുമായി കരാറൊപ്പിട്ടത്.

20 ശതമാനം സീറ്റുകളില്‍ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയും, 30 ശതമാനം സീറ്റുകളില്‍ രണ്ടര ലക്ഷവുമാണ് ഈ കോളേജുകളില്‍ ഫീസ് നിശ്ചയിച്ചത്. 35 ശതമാനം സീറ്റുകളില്‍ 11 ലക്ഷവും 15 ശതമാനം എന്‍.ആര്‍.ഐ. സീറ്റുകളില്‍ 15 ലക്ഷവും ഫീസ് വാങ്ങാനായിരുന്നു ധാരണ. 11 ലക്ഷം ഫീസ് നല്‍കേണ്ട 35 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് പുതിയ ഉത്തരവുമൂലം ബാങ്ക് ഗാരന്റികൂടി വേണ്ടിവരിക.

Top