ന്യൂഡല്‍ഹി : ഏതെങ്കിലും മൂന്നാം കക്ഷിയുമായി ഡേറ്റ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടോ എന്നു വ്യക്തമാക്കി നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഫെയ്‌സ്ബുക്കിനും, വാട്‌സാപ്പിനും സുപ്രീംകോടതി നിര്‍ദേശം.
സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ ഡേറ്റ സംരക്ഷണം സംബന്ധിച്ചു നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസ് നവംബര്‍ 28നു പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു.
വാട്‌സാപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതിനെത്തുടര്‍ന്നു കൈവശമുള്ള ഡേറ്റ മുഴുവന്‍ വാട്‌സാപ് ഫെയ്‌സ്ബുക്കിനു കൈമാറാന്‍ തീരുമാനിച്ചിരുന്നു.
ഈ കൈമാറ്റം ഉപയോക്താക്കളുടെ മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ നിയമ വിദ്യാര്‍ഥികളായ കരണ്‍മയ സിങ് സരീനും ശ്രേയ സേഠിയും ഫയല്‍ ചെയ്ത ഹര്‍ജിയാണ് പരിഗണിക്കുന്നത്.
ഡല്‍ഹി ഹൈക്കോടതിയില്‍ ഇവര്‍ ആദ്യം ഹര്‍ജി നല്‍കുകയും എന്നാല്‍ വാട്‌സാപ് ഡേറ്റ കൈമാറുന്നതിനു ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കുകയുമായിരുന്നു. സ്വകാര്യത നഷ്ടപ്പെടും എന്നു കരുതുന്ന ഉപയോക്താക്കള്‍ക്കു വാട്‌സാപ് ഉപേക്ഷിക്കാമെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണു ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.