തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് രേഖകൾ സുപ്രീം കോടതി രജിസ്ട്രി തിരികെ നല്‍കി

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് ഡാറ്റകൾ സുപ്രീം കോടതി രജിസ്ട്രി തിരികെ നല്‍കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരികെ നല്‍കിയത്. 2019ലെയും 2023ലെയും രേഖകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന തരത്തില്‍ മടക്കി നല്‍കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്.

മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പ് ഇല്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിച്ച സുപ്രീം കോടതി, ഡിജിറ്റലൈസ് ചെയ്തതിന് ശേഷം ശനിയാഴ്ച വൈകീട്ട് അഞ്ചിനകം പേപ്പറുകള്‍ തിരികെ നല്‍കണമെന്ന് രജിസ്ട്രിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ വിവരങ്ങള്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ഇലക്ടറല്‍ ബോണ്ടുകളുടെ സാധുത സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേ 2023 സെപ്തംബര്‍ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ രീതിയിലൂടെ ലഭിച്ച ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ 2019ലെ വിവരങ്ങളും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ദാതാക്കളുടെയും സ്വീകർത്താക്കളുടെയും രണ്ട് ലിസ്റ്റുകളെ ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഇലക്ടറൽ ബോണ്ട് നമ്പറുകൾ സമർപ്പിക്കാത്തതിന് എസ്ബിഐയെ വെള്ളിയാഴ്ച നടന്ന വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു.

തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ വീഴ്ചയെക്കുറിച്ച് വിശദീകരിക്കാനും സുപ്രീം കോടതി എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നു. എസ് ബി ഐ നൽകിയ വിവരങ്ങൾ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതോടെ നിലവിലെ സാഹചര്യത്തിൽ നിന്ന് എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.

Top