ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി. ആവശ്യം സുപ്രീം കോടതി തള്ളി

ഡല്‍ഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ബെംഗളൂരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നാല് വര്‍ഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാല്‍ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ബിനീഷിനുവേണ്ടി ഹാജരായ അഭിഭാഷകരായ ജി. പ്രകാശ്, എം.എല്‍. ജിഷ്ണു എന്നിവര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി ബിനീഷിന് എതിരായ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിട്ടില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. സ്റ്റേക്കെതിരേ ഇ.ഡി. അപ്പീല്‍ നല്‍കിയിട്ടില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇ.ഡിയുടെ ഹര്‍ജി തള്ളിയത്. ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് വേണ്ടി അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കെ.എം. നടരാജ് ഹാജരായി.

Top