സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ഡൽഹി: സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പാര്‍ലമെന്റ് തീരുമാനിക്കേണ്ട നയപരമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബഞ്ചാണ് പൊതുതാല്പര്യ ഹര്‍ജി തള്ളിയത്.

വിഷയം ചര്‍ച്ച ചെയ്യാനുള്ള ശരിയായ വേദി പാര്‍ലമെന്റാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും വ്യക്തമാക്കി. ഇത് നയപരമായ കാര്യമാണ്. മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ കെ ജി വന്‍സാരയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്‌കൃതത്തെ ദേശീയ ഭാഷയായി വിജ്ഞാപനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സംസ്‌കൃതം ദേശീയ ഭാഷയാക്കുന്നത് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളായി ഇംഗ്ലീഷും ഹിന്ദിയും അനുവദിക്കുന്ന നിലവിലെ ഭരണഘടനാ വ്യവസ്ഥകളെ തടസ്സപ്പെടുത്തില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

Top