ഡല്‍ഹി: കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് ബില്‍ക്കിസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി തള്ളിയത്. മോചനം ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി മെയ് 13 ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
കുറ്റകൃത്യം നടന്ന സംസ്ഥാനത്തെ നിയമത്തിന്റെ അടിസ്ഥാനത്തിലെ മോചനം സംബന്ധിച്ച തീരുമാനം എടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു ആവശ്യം. ഈ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തില്‍ ഗുജറാത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനം സംബന്ധിച്ച തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്നാണ് ബില്‍ക്കിസ് ബാനു പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നത്.
ബില്‍ക്കിസ് ബാനുവിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സ്വതന്ത്ര്യ ദിനത്തിലാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത്. ജൂണ്‍ 28 നാണ് ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ജയില്‍ മോചനത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചത്. ജൂലൈ 11ന് അപേക്ഷ അംഗീകരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കി. ജയിലില്‍ പ്രതികളുടെ നല്ല നടപ്പിനെ തുടര്‍ന്നാണ് മോചനം നല്‍കിയതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. ജയില്‍ മോചിതരായ പ്രതികളെ മാലയണിഞ്ഞും മധുരം നല്‍കിയുമാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.