ന്യൂഡൽഹി : ദി കേരള സ്റ്റോറി പ്രദർശനം തടഞ്ഞ ബംഗാൾ സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ബംഗാളിൽ സിനിമ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്ക് സുരക്ഷ നൽകണമെന്നും കോടതി ഉത്തരവിട്ടു. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജികളിൽ വേനലവധിക്കുശേഷം വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.
സിനിമയിൽ രണ്ട് ഡിസ്ക്ലെയ്മറുകൾ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. 32,000 സ്ത്രീകളെ സിറിയിലേക്ക് കൊണ്ടു പോയി മതം മാറ്റിയെന്നതിന് ആധികാരിക രേഖയില്ല. സിനിമ ഫിക്ഷനാണ് എന്നിവ ചേർക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. നേരത്തെ രാജ്യത്ത് മറ്റിടങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നുവെങ്കിൽ ബംഗാളിൽ മാത്രം എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചിരുന്നു. ചിത്രം പ്രദർശിപ്പിച്ചാൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടെന്ന് ബംഗാൾ സർക്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതിനോട് യോജിച്ചില്ല.
വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം വളച്ചൊടിക്കപ്പെട്ട കഥയാണെന്ന് ആരോപിച്ചാണ് ബംഗാളിൽ സിനിമ നിരോധിച്ചത്. കശ്മീർ ഫയൽസ് പോലെ ബംഗാളിനെതിരായ സിനിമയ്ക്കു ബിജെപി പണം മുടക്കുന്നുവെന്നു ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണു കേരള സ്റ്റോറി നിരോധിക്കുന്നതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചത്.