ഡൽഹി : ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെക്കുറിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നടത്തിയ പരാമര്‍ശങ്ങളോട് ശക്തമായി വിയോജിച്ച് സുപ്രീംകോടതി. ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തിയില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.ടൈംസ് നൗ സമ്മിറ്റില്‍ പങ്കെടുത്തപ്പോഴാണ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു, കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചത്.
എന്നാല്‍, മന്ത്രിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാകാമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി കോടതിയില്‍ വാദിച്ചു. അഭിമുഖത്തില്‍ നല്‍കിയ പ്രതികരണം മാത്രമാണ് മാധ്യമങ്ങളില്‍ വന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കിരണ്‍ റിജിജുവിന്റെ പേര് എടുത്തുപറയാതെയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.
ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ അടയിരിക്കുകയാണെന്ന് ആര്‍ക്കും ആക്ഷേപിക്കാന്‍ കഴിയില്ലെന്നായിരുന്നു അഭിമുഖത്തില്‍ റിജിജു പറഞ്ഞത്. കൊളീജിയം അയക്കുന്ന ശുപാര്‍ശകളിലെല്ലാം സര്‍ക്കാര്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കരുത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ കൊളീജിയം ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കഴിയൂ. മറ്റൊരു മികച്ച സംവിധാനം വരുന്നതുവരെ കൊളീജിയം ശുപാര്‍ശകള്‍ കേന്ദ്രം മാനിക്കുമെന്നും നിയമമന്ത്രി പറഞ്ഞിരുന്നു.