ദില്ലി: നിലവിലുള്ള ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടോയെന്ന് സുപ്രീംകോടതി. ജമ്മുകശ്മീര്‍ വിഭജനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ജമ്മുകശ്മീര്‍ വിഭജിച്ചത് അസാധാരണ സാഹചര്യത്തിലാണെന്നും അതിര്‍ത്തി സംസ്ഥാനം എന്ന നിലയ്ക്കുള്ള വിഷയങ്ങളുണ്ടായിരുന്നെന്നും കേന്ദ്രം ന്യായീകരിച്ചു.
സമാന സാഹചര്യം പഞ്ചാബിലും വടക്കുകിഴക്കന്‍ മേഖലയിലും ഇല്ലേ എന്ന് ബഞ്ച് ചോദിച്ചു. ഇന്ത്യയുടെ ഭാഗമായ ഒരു സംസ്ഥാനത്തെ വിഭജിക്കുന്നതിനുള്ള അധികാരം ദുരുപയോഗം ചെയ്യില്ല എന്ന് എങ്ങനെ ഉറപ്പാക്കുമെന്നും കോടതി ചോദിച്ചു. ജമ്മുകശ്മീരിന് സംസ്ഥാനപദവി എപ്പോള്‍ നല്‍കാനാകുമെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.