ന്യൂ ഡെൽഹി: മുപ്പതിലേറെ തവണ മാറ്റിവെച്ച ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ആണ് ഹരജികൾ പരിഗണിക്കുന്നത്. കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയതുൾപ്പടെയുള്ള ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
എസ്എൻസി ലാവ്ലിനുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ ചീഫ് ജെസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കുന്ന എട്ടാമത്തെ കേസാണ്. നേരത്തെ സെപ്റ്റംബർ പതിമൂന്നിന് ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് യുയു ലളിത് പറഞ്ഞിരുന്നത്. എന്നാൽ അന്ന് അദ്ദേഹം ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാൽ ഹരജികൾ പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയും അതേദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.