ഡൽഹി: മുഹമ്മദ് നബിയ്‌ക്കെതിരായ പരാമർശത്തിൽ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ഒൻപത് എഫ്‌ഐആറുകളാണ് നൂപുറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിൽ സംരക്ഷണം ആവശ്യപ്പെട്ടാണ് നൂപുർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ ഈ പരാമർശത്തിന് ശേഷം തനിക്ക് വധഭീഷണി കൂടിയെന്നും നൂപുർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
നൂപുറിനെതിരെ വിമർശനം ഉന്നയിച്ച ജസ്റ്റിസ് സൂര്യകാന്ത്, ജെപി പർദ്ദിവാല എന്നിവടരങ്ങിയ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെ കോടതിയുടെ നിരീക്ഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങൾ സോഷ്യൽമീഡിയയിൽ അടക്കം ഉയർന്നു. പരാമർശം വിവാദമായതോടെ നിരവധി അറബ് രാജ്യങ്ങൾ ഇന്ത്യക്കെതിരെ എത്തി. പിന്നാലെ നൂപുറിനെ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. അതിനിടെ തീവ്രവാദ സംഘടനങ്ങളിൽ നിന്നടക്കം വധഭീഷണി നേരിടുകയും നൂപുറിന്റെ സുരക്ഷ കൂട്ടുകയും ചെയ്തു.