തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീലിന്റെ കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. കേസ് പിന്‍വലിക്കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേത്.
സംസ്ഥാന സര്‍ക്കാറിന്റെയും ആറ് നേതാക്കളുടെയും അപ്പീലില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. എംഎല്‍എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തുറന്നടിച്ചിരുന്നു. കേസില്‍ നോട്ടിസ് അയക്കാനും കോടതി തയാറായില്ല.
ഇന്ന് സുപ്രീംകോടതി അപ്പില്‍ വീണ്ടും പരിഗണിക്കുമ്‌ബോള്‍ തങ്ങളുടെ വാദമുഖങ്ങള്‍ ശക്തമായി അവതരിപ്പിക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എംഎല്‍എമാര്‍ക്ക് നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധിക്കാന്‍ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന വാദമാണ് പ്രധാനമായും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെക്കുക.
കേസെടുക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി അനിവാര്യമാണെന്നും, സഭയുടെ സവിശേഷാധികാരം നിലനിര്‍ത്താന്‍ കൂടിയാണ് കേസ് പിന്‍വലിക്കാനുള്ള തീരുമാനമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിക്കും. പിന്‍വലിക്കല്‍ ആവശ്യത്തെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി എതിര്‍ക്കും.